തമ്പാന്നൂര്‍ ഹൈടെക് ബസ് ടെര്‍മിനലിലെ നിര്‍മ്മാണത്തിലെ പിഴവു കാരണം ബസ് പ്ളാറ്റ്ഫോമുകള്‍ പൊളിക്കാന്‍ ആരംഭിച്ചു. ടെര്‍മിനല്‍ പൂര്‍ണ്ണമായും നിര്‍മ്മിക്കുന്നതിനു മുമ്പ് തന്നെ ഉദ്ഘാടനം നടത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണു നിര്‍മ്മാണത്തിലെ പിഴവു കാരണം ബസ് പ്ളാറ്റ്ഫോമുകള്‍ പൊളിക്കുന്നത്.
ഇതുകാരണം കോടികള്‍ മുതല്‍ മുടക്കി പണിത പുതിയ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാവാന്‍ ഇനിയും മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണു സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പു തന്നെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു. സൂപ്പര്‍ ഡീലക്സ് പോലുള്ള ബസുകള്‍ കയറ്റിയിടാന്‍ തക്കവിധം ബസ് പ്ളാറ്റ്ഫോമുകള്‍ക്ക് നീളമില്ല എന്നതാണു പ്ളാറ്റ്ഫോമുകള്‍ പൊളിക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍ക്ക് ചെയ്തു പരീക്ഷിക്കുന്നതിനുള്ള സമയത്താണു പ്ളാറ്റ്ഫോമുകള്‍ക്ക് മതിയായ നീളമില്ല എന്ന് തിരിച്ചറിഞ്ഞത്. ഒരേ സമയം 25 ബസുകള്‍ക്ക് പുറപ്പെടാന്‍ കഴിയും വിധത്തിലാണു പ്ളാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്തത്. എന്തായാലും ഇത്തരത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായിരിക്കുകയാണിപ്പോള്‍.