റൂബെല്ല വാക്‌സിനേഷനെക്കുറിച്ച് ആശങ്ക വേണ്ട

ചൊവ്വ, 18 ഫെബ്രുവരി 2014 (15:48 IST)
PRO
സംസ്ഥാനത്ത് ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് റൂബെല്ല രോഗം പിടപെടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാഴ്ചവൈകല്യം, കേള്‍വി തകറാറുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ ഉണ്ടാകുവാനുളള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കുവാനായാണ് കൗമാരപ്രായത്തിലുളള കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്.

ഒന്നര വയസില്‍ കുട്ടികള്‍ക്ക് നല്‍കുന്ന എം.എം.ആര്‍. വാക്‌സിന്‍ മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല എന്നീ രോഗങ്ങള്‍ക്ക് എതിരെയുളള വാക്‌സിനാണ്. ഒന്നര വയസില്‍ എം.എം.ആര്‍. വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്കും കൗമാരപ്രായത്തില്‍ ബൂസ്റ്റര്‍ ഡോസായി റൂബെല്ലാ വാക്‌സിന്‍ എടുക്കേണ്ടതാണ്.

സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താസഹകരണത്തില്‍ നടക്കുന്ന ഈ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാ സന്നദ്ധസംഘടനകളുടേയും രക്ഷാകര്‍തൃസംഘടനകളുടേയും സഹകരണം ആവശ്യമാണെന്നും ഡി.എം.ഒ. അറിയിച്ചു.

വെബ്ദുനിയ വായിക്കുക