രാഹുലിന്‍റെ തിരോധാനം: അന്വേഷണം അവസാനിപ്പിച്ചു

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2012 (20:02 IST)
ആലപ്പുഴ സ്വദേശിയായ എട്ടുവയസുകാരന്‍ രാഹുലിന്‍റെ തിരോധാനത്തേക്കുറിച്ചുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു. അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലാത്തതുകൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് സി ബി ഐ അധികൃതര്‍ സി ജെ എം കോടതിയെ അറിയിച്ചു.

രാഹുലിന്‍റെ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം സി ബി ഐ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടും ഫലമൊന്നും കാണാത്തതുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചത്. ഈ നടപടിയില്‍ ദുഃഖമുണ്ടെന്ന് രാഹുലിന്‍റെ മാതാവ് മിനി പ്രതികരിച്ചു.

2005 മേയ് 18നാണ് വീടിനുസമീപത്തെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ചുമെന്‍റ് സംഘവും അന്വേഷിക്കുകയും ഫലം കാണാത്തതിനെ തുടര്‍ന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയുമായിരുന്നു.

ആശ്രമം വാര്‍ഡില്‍ ‘രാഹുല്‍ നിവാസി’ല്‍ രാജു - മിനി ദമ്പതികളുടെ മകനാണ് രാഹുല്‍.