രാഷ്ട്രപതി കേരളത്തില്‍, രാത്രി മടങ്ങും

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2012 (09:06 IST)
PRO
PRO
രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി തിങ്കളാഴ്ച കേരളത്തില്‍ എത്തിയ പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം രാത്രി ഏഴരയ്ക്ക് മടങ്ങും. തലസ്ഥാനത്തെ നാല് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

വിശ്വമലയാള മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ആദ്യത്തെ പരിപാടി. രാവിലെ 10.30ന്‌ യൂണിവേഴ്സിറ്റി സെനറ്റ്‌ ഹാളിലാണ് ചടങ്ങ്. തിരികെ രാജ്ഭവനിലെത്തി രാജ്ഭവന്‍ പരിസരത്ത്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ രാഷ്ട്രപതി സ്വീകരിക്കും.

ഉച്ചയൂണിനും വിശ്രമത്തിനും ശേഷം 3.30 ന്‌ രാഷ്ട്രപതി കേരള നിയമസഭയെ അഭിസംബോധന ചെയ്യും. വൈകിട്ട്‌ നാലിന്‌ നിയമനിര്‍മാണ സഭയുടെ 125-ആം വാര്‍ഷികാഘോഷത്തിന്റെ സമാപനച്ചടങ്ങ്‌ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ആറിന്‌ ലയോള കോളജിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. അവിടെനിന്ന്‌ നേരെ വിമാനത്താവളത്തിലേക്കു പോകുന്ന അദ്ദേഹം രാത്രി 7.35ന്‌ ഡല്‍ഹിക്കു മടങ്ങും.