രാവിലെ എഴുനേല്‍ക്കുമ്പോള്‍ തനിക്ക് നെഞ്ചുവേദനയും തലചുറ്റലുമുണ്ടെന്ന് ജയരാജന്‍; വിദഗ്ധ ചികിത്സക്കായ് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റും

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2016 (22:35 IST)
കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റും. കണ്ണൂർ സെൻട്രൽ ജയില്‍ സൂപ്രണ്ടിന്റേതാണ് തീരുമാനം. കൂടുതൽ വിദഗ്ധ ചികിൽസവേണമെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
 
‘ജയരാജന്റെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ തകരാറുണ്ട്. ഒന്നിലേറെ തവണ ആൻജിയോപ്ലാസ്റ്റിക്കു വിധേയനായിട്ടുണ്ട്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉയർന്ന രക്തസമ്മർദം, തൈറോയ്ഡിന്റെ തകരാർ എന്നിവയുണ്ട്. ഇവയെല്ലാം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നവയാണ്. 15 കൊല്ലം മുൻപുണ്ടായ ആക്രമണത്തിലേറ്റ പരുക്കുകളുടെ പാടുകൾ ശരീരത്തിലുണ്ട്. എന്നാൽ, തലച്ചോറിൽ നിന്നുള്ള നാഡികൾക്കു കാര്യമായ പ്രശ്നങ്ങളില്ല. ഇന്ദ്രിയങ്ങളെല്ലാം പ്രവർത്തനക്ഷമമാണ്.’– എന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
 
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പി ജയരാജൻ, രാവിലെ എഴുനേല്‍ക്കുമ്പോള്‍ തനിക്ക് നെഞ്ചുവേദനയും തലചുറ്റലുമുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടില്‍ പറയുന്നു.