സംസ്ഥാനത്ത് ഒഴിവു വന്നിട്ടുള്ള രാജ്യസഭ സീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിച്ചേക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരെയാണ് രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ പരിഗണിക്കുന്നത്.
കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രാജ്യസഭയിലേക്കുള്ള മത്സരത്തില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു. എന്നാല്‍, മലബാര്‍ മേഖലയ്ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡിനെ ഇക്കാര്യം അദ്ദേഹം നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നാളെമുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങാം. കേരളത്തില്‍ രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം ഭരണപക്ഷത്തിനും ഒരെണ്ണം പ്രതിപക്ഷത്തിനും ലഭിക്കും. ഇടതുമുന്നണിയിലെ രണ്ടു സീറ്റുകളില്‍ ഒരെണ്ണം സി പി എമ്മിനും ഒരെണ്ണം സി പി ഐ ക്കു ആണ് ലഭിക്കുക. സി പി എം സ്ഥാനാര്‍ത്ഥിയായി പി രാജീവിനെ പ്രഖ്യാപിച്ചിരുന്നു. സി പി ഐ സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.