രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്നടിച്ചതിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയല്‍ കാണാനില്ല

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (12:54 IST)
PRO
PRO
ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്നടിച്ചതിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയല്‍ കാണാനില്ലെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍. 2008ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടാണ് കാണാതായത്. ഫെഡറേഷന്‍ കായികമന്ത്രാലയത്തെ അറിയിച്ചതാണിത്.

രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കെയാണ് സുപ്രധാന ഫയല്‍ കാണാതായത്. 2008ല്‍ നടന്ന ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ രഞ്ജിത് മരുന്നടിച്ചതിന്റെ പരിശോധന ഫലം അടങ്ങുന്ന ഫയലാണ് നഷ്ടപ്പെട്ടത്.

ഓഫീസ് മാറിയപ്പോള്‍ ഫയല്‍ നഷ്ടപ്പെട്ടെന്നാണ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്. മരുന്നടിയുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ ശിക്ഷിച്ചതിന് രേഖകളില്ലെന്ന് സ്‌പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിച്ച ഗുളികയില്‍ നിരോധിച്ച എഫ്രിഡിന്‍ അടങ്ങിയ കാര്യം രഞ്ജിത്തിന് അറിയില്ലായിരുന്നെന്ന് അത്‌ലറ്റിക് ഫെഡറേഷനും കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിവാദം ഒഴിവാക്കാന്‍ സ്‌പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കായിക മന്ത്രാലയം ആവശ്യപ്പെട്ടപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കിയത്. കായിക സെക്രട്ടറി പികെ ദേവും, ജോയിന്റ് സെക്രട്ടറിയും രഞ്ജിത്തിന് അര്‍ജുന നല്‍കരുതെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.