കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് യൂസഫലി കേച്ചേരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകുന്നേരം നാലുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ പട്ടിക്കര പറപ്പൂര്‍ തടത്തില്‍ ജുമ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ശനിയാഴ്ച രാത്രി 11 മണിയോടെ യൂസഫലിയുടെ മൃതദേഹം കേച്ചേരിയിലെ വീട്ടിലെത്തിച്ചിരുന്നു.
സ്വവസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ സാഹിത്യ അക്കാദമി ഹാളില്‍ എത്തിക്കും. ഒരുമണി വരെ ഇവിടെ പൊതുദര്‍ശനത്തിനു വെയ്ക്കും. രാഷ്‌ട്രീയ രംഗത്തെയും സിനിമ-കലാ-സാംസ്കാരിക രംഗത്തെയും പ്രമുഖര്‍ യൂസഫലിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി എത്തി.
ഇരുന്നൂറോളം ചിത്രങ്ങള്‍ക്കായി എഴുന്നൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട് യൂസഫലി കേച്ചേരി. ‘മഴ’ എന്ന ചിത്രത്തിലെ ‘ഗേയം ഹരിനാമധേയം’ എന്ന ഗാനത്തിന് 2000ല്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മ, ഒ എന്‍ വി കുറുപ്പ് എന്നിവര്‍ക്കു പുറമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക മലയാളിയാണ് അദ്ദേഹം.