തൃശൂര്‍ സ്വദേശികളായ യുവദമ്പതികളെയും രണ്ടു പെണ്‍മക്കളെയും ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മുളങ്കുന്നത്തുകാവ് കോലഴി കൈലാസ്നഗര്‍ പുല്ലറക്കാട്ടില്‍ കുഞ്ഞുണ്ണിയുടെ മകന്‍ രതീഷ് (44), ഭാര്യ ഷിഗി (38), ഇവരുടെ ഇരട്ടക്കുട്ടികളായ സ്നേഹ, സ്‌നിയ (14) എന്നിവരാണ് മരിച്ചത്. ഇതു സംബന്ധിച്ച് തൃശൂരിലെ ഇവരുടെ കുടുംബത്തിന് വിവരം ലഭിച്ചു.
ഷിഗിയെയും മക്കളെയും വീട്ടിലും രതീഷിനെ മറ്റൊരു സ്ഥലത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിഗിയെയും മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നും രതീഷിനെ കാണാനില്ലെന്നുമായിരുന്നു ബുധനാഴ്ച രാവിലെ ആറിന് ആദ്യം വിവരം ലഭിച്ചത്. രാത്രി എട്ടോടെയാണ് രതീഷിനെ മറ്റൊരു സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. അതേസമയം, മരണകാരണം വ്യക്തമല്ല.
കഴിഞ്ഞ എട്ടു വര്‍ഷമായി ലണ്ടനില്‍ ജോലി ചെയ്തു വരികയായിരുന്ന ഷിഗി എം എസ് ഡബ്ല്യു ബിരുദധാരിയാണ്. സ്വകാര്യ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മെന്‍റ് ജീവനക്കാരിയാണ്. രതീഷ് മൂന്നുവര്‍ഷം മുമ്പാണ് അവിടെയത്തെിയത്.
ഒരു വര്‍ഷം മുമ്പ് ഇവര്‍ നാട്ടില്‍ വന്നിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഷിഗി വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ലണ്ടനില്‍ തന്നെയുള്ള ഷിഗിയുടെ സുഹൃത്ത് കിള്ളിമംഗലം സ്വദേശി ഷീജയാണ് മരണ വിവരം ആദ്യം നാട്ടില്‍ അറിയിച്ചത്. പിന്നീട് ലണ്ടന്‍ പൊലീസും വീട്ടുകാരെ ബന്ധപ്പെട്ടു.