യുഡിഎഫ് പ്രശ്നത്തില്‍: പ്രശ്നമില്ലെങ്കില്‍ വാര്‍ത്തയുണ്ടോയെന്ന് ഉമ്മന്‍‌ചാണ്ടി

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (12:53 IST)
PRO
PRO
കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ്കുമാറും തമ്മിലുള്ള പ്രശ്നം എവിടെയെങ്കിലും അടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കു വല്ല വാര്‍ത്തയും ഉണ്ടോയെന്നായിരുന്നു കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നവും ജെഎസ്‌എസിന്റെ എതിര്‍പ്പും ചൂണ്ടിക്കാട്ടിയപ്പോള്‍ ഉമ്മ‌ന്‍‌ചാണ്ടിയുടെ പ്രതികരണം.

മര്‍മം നോക്കിയിരുന്നാല്‍ ഒന്നും നടക്കില്ലെന്നതുകൊണ്ടാണു സര്‍ക്കാര്‍ ഏതാനും താലൂക്കുകള്‍ പ്രഖ്യാപിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. താലൂക്ക്‌ രൂപീകരണത്തെക്കുറിച്ചു മുന്‍പു പലരും ഒരുപാട്‌ പഠനം നടത്തിയതല്ലാതെ ഒന്നും ചെയ്‌തില്ല. അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കാത്ത കാര്യം തങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

പഠന റിപ്പോര്‍ട്ടുകള്‍ കയ്യില്‍ വച്ച്‌ ഒരു താലൂക്ക്‌ പോലും അനുവദിക്കാതിരുന്നവരാണ്‌ ഇപ്പോള്‍ കുറ്റം പറയുന്നത്‌. ഇപ്പോഴത്തെ തീരുമാനം അവസാന വാക്കല്ല. ഇനിയും താലൂക്കുകള്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.