യുഡിഎഫ് പുറത്താക്കട്ടെയെന്ന് പിള്ള; വീക്ഷണം എന്നൊരു പത്രമുണ്ടോ എന്നും പരിഹാസം

Webdunia
വ്യാഴം, 22 ജനുവരി 2015 (11:11 IST)
മുഖപ്രസംഗത്തില്‍ തന്നെ പരിഹസിച്ച വീക്ഷണം പത്രത്തിനെതിരെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള. വീക്ഷണം എന്നൊരു പത്രമുണ്ടോയെന്നും താന്‍ അങ്ങനെയൊരു പത്രം കാണാറില്ലെന്നുമായിരുന്നു പിള്ളയുടെ ആദ്യപ്രതികരണം. കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പത്രം എഴുതിയതിന് മറുപടി നല്കി പത്രത്തിന് അനാവശ്യ പബ്ലിസിറ്റി നല്കാന്‍ ആഗ്രഹിക്കുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന മുഖപ്രസംഗത്തിലെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യു ഡി എഫിനായി കൊമ്പ് ഉണ്ടാക്കിയത് താനും കൂടി ചേര്‍ന്നാണെന്നും അതുകൊണ്ടു തന്നെ അത് മുറിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും പിള്ള പറഞ്ഞു.
 
ഗണേഷ്കുമാറിനോളം പക്വത പിള്ളയ്ക്കില്ല എന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ രണ്ട് ആഴ്ച മുമ്പ് തന്റെ മകന് എതിരെ ആരോപണം ഉന്നയിച്ചവര്‍ ആണ് ഇപ്പോള്‍ നന്നായി എന്നു പറയുന്നത്. മകനെക്കുറിച്ച് നല്ലത് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു അച്‌ഛന്‍ എന്ന നിലയില്‍ സന്തോഷമുണ്ടെന്നും പിള്ള പറഞ്ഞു. 
 
അഴിമതി നടത്തിയ ആരെയും ചോദ്യം ചെയ്യരുതെന്ന് യു ഡി എഫ് പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള നയം തനിക്ക് മനസ്സിലാകുന്നില്ല. 
താന്‍ അഴിമതി ആരോപണം ഉന്നയിച്ച ആളാണ്. അഴിമതിയാരോപണം ഉന്നയിച്ചയാള്‍ പുറത്തും അഴിമതി നടത്തിയ ആള്‍ അകത്തും എന്നതാണ് യു ഡി എഫിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
 
യു ഡി എഫ് എന്ന കൊമ്പ് വളര്‍ത്തിയത് ബാലകൃഷ്‌ണ പിള്ളയും കൂടി ചേര്‍ന്നാണെന്ന് വീക്ഷണം അറിഞ്ഞിരുന്നാല്‍ നന്നെന്നും പിള്ള പറഞ്ഞു.