യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഗൗരിയമ്മ

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (15:14 IST)
PRO
PRO
യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. ഇടത് നേതാക്കളുമായി അടുത്തെങ്ങും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. യുഡിഎഫ് മുന്നണി വിടാന്‍ കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഗൗരിയമ്മ എല്‍ഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമേ ഉള്ളുവെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. നവംബറില്‍ കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ജെഎസ്എസിന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.

പി സി ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജെഎസ്എസ്, യുഡിഎഫുമായും കോണ്‍ഗ്രസുമായും ഇടഞ്ഞത്. ഇതിനെ തുടര്‍ന്ന് ജെഎസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. ജെഎസ്എസിനെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ ശ്രമം തുടരുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യുഡിഎഫ് വിടാനുള്ള തീരുമാനത്തോട് ജെഎസ്എസ് സംസ്ഥാന സമിതി അധ്യക്ഷന്‍ രാജന്‍ ബാബു അടക്കമുള്ള ഒരു വിഭാഗം ജെഎസ്എസ് നേതാക്കള്‍ക്ക് എതിര്‍പ്പാണ്. പാര്‍ട്ടിയോട് ആലോചിക്കാതെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുത്തതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും മുന്‍ എംഎല്‍എ കെ കെ ഷാജുവിനെയും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ടി ഇതിഹാസിനെയും പാര്‍ട്ടി പുറത്താക്കിയിരുന്നു.