പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. രാത്രി എട്ടരയോടെയാണ് മദനി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇന്‍ഡിഗോ വിമാനത്തിലാണ് മദനി എത്തിയത്. ആയിരക്കണക്കിന് പി ഡി പി പ്രവര്‍ത്തകരാണ് മദനിയെ സ്വീകരിക്കാന്‍ മുദ്രാവാക്യം വിളികളുമായി എയര്‍പോര്‍ട്ടില്‍ കാത്തുനിന്നത്.
കഴിഞ്ഞ ആറുവര്‍ഷത്തിന് ശേഷം ആദ്യമായി കേരളത്തില്‍ റംസാന്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തിന് നന്ദിയുണ്ടെന്ന് അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. താന്‍ ബാംഗ്ലൂരില്‍ നിന്ന് വരാനൊരുങ്ങവേ വിമാനത്താവളത്തില്‍ ഉണ്ടായ തടസം ചില ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്ന് കരുതുന്നു. എനിക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരോടും ജാതിമതഭേദമന്യേ പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന ജനങ്ങളോടും നന്ദി അറിയിക്കുന്നു. സുപ്രീം കോടതിയില്‍ എനിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രയത്നിക്മ്കുന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍, ഉസ്മാന്‍, ടോമി സെബാസ്റ്റിയന്‍ തുടങ്ങി എല്ലാവരോടും നന്ദി പറയുന്നു - മദനി മാധ്യമങ്ങളോട് വ്യക്തമാക്കി.
മദനിയെ കയറ്റില്ലെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് 12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തിലെ അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയിരുന്നു. മദനിയുടെ യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് വിമാനാധികൃതര്‍ അറിയിക്കുകയായിരുന്നു. ഈ നീക്കം വന്‍ വിവാദമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി നടപടിയില്‍ ക്ഷമാപണം നടത്തി. തുടര്‍ന്നാണ് വൈകീട്ട് 7.15 ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ പോകാമെന്ന് അധികൃതര്‍ അറിയിച്ചത്.
അതേസമയം, ഇന്‍ഡിഗോ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍ത്തകര്‍ നെടുമ്പാശേരി ഇന്‍ഡിഗോ ഓഫീസ് ഉപരോധിക്കുകയും ഇത് സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. പൂന്തുറ സിറാജ് അടക്കമുള്ള പി ഡി പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഇതിന് കേസെടുത്തിട്ടുണ്ട്.
സുപ്രീംകോടതിയുടെ പ്രത്യേക നിര്ദേശപ്രകാരമാണ്രോഗിയായ മാതാവിനെ കാണാന്‍ നാട്ടില്‍ പോകുന്നതിന് മദനിക്ക് എട്ടു ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചത്.