മോഡിയെ കണ്ടതിനെക്കുറിച്ച് ഷിബു ബേബി ജോണ്‍ വിശദീകരണം നല്‍കി

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2013 (12:41 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂട്ടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കി. ഗുജറാത്തിലെ തൊഴില്‍മന്ത്രിയെ കാണാനാണ് പോയതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി മോഡിയെ കൂടി താന്‍ കണ്ടതെന്നു ഷിബു വിശദീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഷിബു നല്‍കിയ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് ഷിബു ബേബിജോണ്‍ മുഖ്യമന്ത്രിയെ കണ്ടത്. മോഡിയുമായുള്ള കൂടിക്കാഴ്ച വിവാദമായ ശേഷം ഇതാദ്യമായാണ് ഷിബു ബേബിജോണ്‍ മുഖ്യമന്ത്രിയെ കാണുന്നത്. അതേസമയം വിശദീകരണ വാര്‍ത്ത ഷിബു ബേബിജോണിന്റെ ഓഫീസ് നിഷേധിച്ചു. വരള്‍ച്ചാ ദുരിതാശ്വാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ക്ലിഫ് ഹൗസില്‍ മന്ത്രി പോയതെന്ന് ഓഫിസ് അറിയിച്ചു.

കൂടിക്കാഴ്ച വിവാദമായതോടെ താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ വിവാദം മുന്നില്‍ക്കണ്ട് താന്‍ കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു എന്നും ഷിബു പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.