മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്നു മുതല്‍

Webdunia
വ്യാഴം, 20 ജനുവരി 2011 (09:07 IST)
PRO
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്നു മുതല്‍ നിലവില്‍ വരുന്നു. ഉപയോക്താവിന് സ്വന്തം നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സംവിധാനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.

മൊബൈല്‍ പോര്‍ട്ടബിലിറ്റിക്ക് ഉപയോക്താക്കള്‍ക്ക് 19 രൂപ മാത്രമാണ് ചെലവ് വരിക. അപേക്ഷ നല്‍കി വെറും നാല് ദിവസത്തിനകം പുതിയ സേവന ദാതാവിനെ സ്വീകരിക്കുകയും ചെയ്യാം.

പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ “പോര്‍ട്ട്” എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് ചെയ്യണം. ഈ എസ്‌എം‌എസിനുള്ള മറുപടിയില്‍ ഒരു ‘യൂണിക്ക് കോഡ്’ ലഭിക്കും. നിങ്ങള്‍ പുതുതായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന സേവന ദാതാവിന് യൂണിക്ക് കോഡ് അടക്കമുള്ള വിവരങ്ങള്‍ കാണിച്ച് അപേക്ഷ നല്‍കണം.

നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് പരമാവധി നാല് ദിവസമാണ് എടുക്കുക. നമ്പര്‍ പോര്‍ട്ട് ചെയ്യുന്ന സമയവും തീയതിയും എസ്‌എം‌എസിലൂടെയാണ് അറിയിക്കുക.