ദമ്പതികളെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ നടന്‍ കണ്ണന്‍ പട്ടാമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ് അറസ്റ്റിലായ കണ്ണന്‍ പട്ടാമ്പി. ജല അതോറിറ്റി ജീവനക്കാരനേയും ദമ്പതികളേയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കണ്ണാന്‍ പട്ടാമ്പിയടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പിലാവ് - പട്ടാമ്പി റോഡില്‍ ജൂലൈ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ റോഡില്‍ പൈപ്പ് പൊട്ടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിനായി ഗതാഗതം ഒറ്റവരിയായി മാറ്റിയിരുന്നു. ജല അതോറിറ്റി ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ ആയിരുന്നു അന്ന് ആ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നത്.
തൃശൂരിലേക്കുള്ള യാത്രക്കിടെ സ്ഥലത്തെത്തിയ കണ്ണന്‍ പട്ടാമ്പിയുടെ വാഹനവും മാര്‍ട്ടിന്‍ തടഞ്ഞു. റോഡരികിലൂടെ കടത്തിവിടാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ കണ്ണന്‍ പട്ടാമ്പിയും സുഹൃത്തുക്കളും മാര്‍ട്ടിനെ മര്‍ദ്ദിച്ചു. രക്ഷപെടാനായി മാര്‍ട്ടിന്‍ ഓടിക്കയറിയത് സമീപത്തുള്ള വീട്ടിലേക്കായിരുന്നു. പിന്നാലെയെത്തിയ ആക്രമികള്‍ മാര്‍ട്ടിനെ ഒളിപ്പിച്ചുവെച്ചതില്‍ പ്രതിഷേധിച്ച് ദമ്പതികളെയും മര്‍ദ്ദിച്ചു.
ആയുധമുപയോഗിച്ച് വീടിന്റെ ചില്ലുകളും തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മാര്‍ട്ടിനേയും ദമ്പതികളെയും ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കണ്ണനും കൂട്ടരും സ്ഥലംവിട്ടിരുന്നു. പൊലീസ് കേസെടുത്തതോടെ മൂവരും കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങി.