മേജര്‍ രവിയുടെ നാക്കരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുണം: സിന്ധു ജോയി

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2016 (17:17 IST)
ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരിൽ സിന്ധു സൂര്യകുമാറിനെ കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിയുടെ നാക്കരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് സിന്ധു ജോയി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിന്ധു ജോയിയുടെ പ്രതികരണം.  
 
നാടിനു വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ മടിയില്ലാതെ വെയിലും, മഞ്ഞും, മഴയും കൂസാതെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്ന സൈനികരെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മേജർ രവി എന്ന പേര് സൈനികർക്ക് അപമാനമാണെന്നും സിന്ധു ജോയി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 
 
‘ഒരു സ്ത്രീയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പും എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുന്നു? നിങ്ങളും ഒരമ്മയുടെ മകൻ അല്ലെ ?  സിന്ധു സൂര്യകുമാർ ഇപ്പോൾ നിരന്തരം അവഹേളിക്കപെടുന്ന വിവാദമായ ആ ചർച്ച ഞാനും തത്സമയം കണ്ടിരുന്നു. അതിൽ എവിടെയാണ് അവർ ദുർഗാദേവിയെ അധിക്ഷേപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരിൽ ഒരു മാധ്യമ പ്രവർത്തക ക്രൂശിക്കപെടുമ്പോൾ ഫാസിസ്റ്റ്‌കൾക്കൊപ്പം അണിചേർന്നു സിന്ധുവിനെ 'കാർക്കിച്ച് തുപ്പും' എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ നാക്ക്‌ അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കുകയാണ് വേണ്ടത്’- ഫേസ്ബുക്ക് പോസ്റ്റില്‍ സിന്ധു ജോയി പറഞ്ഞു.
 
ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗാ ദേവിയെ അപമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റിങ്ങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് മേജര്‍ രവി പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം മേജര്‍ രവിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
 
കടപ്പാട്: സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്