മെഡിക്കല്‍ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
വെള്ളി, 28 ജനുവരി 2011 (11:33 IST)
PRO
PRO
മെഡിക്കല്‍ പി ജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്‍മാരും സംസ്ഥാനത്ത് നടത്തിവരുന്ന അനിശ്ചിതകാലസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയമില്ലെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡോക്ടര്‍മാരുടെ സമരമുറകളോട് വ്യക്തിപരമായി യോജിപ്പില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുവേണം സമരം ചെയ്യേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ താമസം വരുത്തരുതെന്നും സമരം അവസാനിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക് കടന്നതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. സമരത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രീയകള്‍ മാറ്റിവെച്ചു. അടിയന്തിര ശസ്ത്രക്രീയകള്‍ ഒഴിച്ചുള്ളവയാണ് മാറ്റിവെച്ചത്. ഓര്‍ത്തോ, ഗൈനക്കോളജി വിഭാഗങ്ങളിലെ ശസ്ത്രക്രീയകളാണ് മാറ്റിവെച്ചത്.