മൂന്നാറിലെ വനഭൂമി കൃത്യമായി വേര്‍തിരിക്കണമെന്ന് ശുപാര്‍ശ. മൂന്നാറിലെ ടാറ്റയുടെ കൈവശമുള്ള വനഭൂമി കൃത്യമായി വേര്‍തിരിക്കണമെന്നാണ് ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സുപ്രീംകോടതി ഉന്നതാധികാരസമിതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.
വനഭൂമി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അത് അതിര്‍ത്തി തിരിച്ച് ജണ്ടയിടണം. മൂന്നാറില്‍ ടാറ്റയുടെ കൈവശം 57, 359 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 23, 239 ഏക്കറില്‍ മാത്രമാണ് തേയില കൃഷി ഉള്ളതെന്നും ഉന്നതാധികാരസമിതി കണ്ടെത്തി.
അതേസമയം, മൂന്നാര്‍ വനഭൂമിയിലെ യൂക്കാലി മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചതായി സംസ്ഥാന വനംവകുപ്പ് ഇന്ന് അറിയിച്ചിരുന്നു. ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതസമിതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും. മൂന്നാര്‍ വനഭൂമിയിലെ യൂക്കാലിമരങ്ങള്‍ വെട്ടിമാറ്റി ഫോറസ്റ്റ് മാനേജ്മെന്‍റ് പ്ലാന്‍ നടപ്പാക്കും. 1980 ല്‍ വനംവകുപ്പിന് കൈമാറിയ മൂന്നാറിലെ ചോലവനത്തില്‍ വകുപ്പ് തന്നെ യൂക്കാലി മരങ്ങള്‍ വെച്ചു പിടിപ്പിച്ചെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണിത്.