മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധിയിന്‍മേല്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തേയുള്ള കോടതിവിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. ഈ ഭൂമി സര്‍ക്കാരിന്‍റേതാണെങ്കില്‍ അത് പിടിച്ചെടുക്കുന്നതിനായി നിയമാനുസൃതമായി മുന്നോട്ടുപോകാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പൊളിച്ചുനീക്കിയ മൂന്നു റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം സംബന്ധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും ഹൈക്കോടതി വിലയിരുത്തി.
ഭൂമി പിടിച്ചെടുക്കുമ്പോഴോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കുമ്പോഴോ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ പാലിച്ചില്ല. കൈയേറി എന്നുപറയുന്നവര്‍ക്ക് അവരുടെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നല്‍കണമായിരുന്നു എന്നും കോടതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് റിസോര്‍ട്ടുകള്‍ക്കാണ് പ്രധാനമായും ഇപ്പോഴത്തെ ഉത്തരവ് ബാധകമെങ്കിലും ഈ ഉത്തരവ് ഉയര്‍ത്തിക്കാട്ടി നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കൈയേറ്റക്കാര്‍ക്ക് സാധിക്കും. സര്‍ക്കാരിന്‍റെ വലിയ തലവേദനയും അതുതന്നെയാണ്. റിവ്യൂ ഹര്‍ജി തള്ളിയതോടെ ഇനി സര്‍ക്കാരിന് സുപ്രീം കോടതിയെ സമര്‍പ്പിക്കാം.
വി എസ് സര്‍ക്കാരിന്‍റെ കാലത്തുതന്നെ ഏറെ വിവാദമുണ്ടായ നടപടിയായിരുന്നു മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍. അന്ന് ഇടതുമുന്നണിയില്‍ സി പി ഐ ഉള്‍പ്പടെയുള്ളവര്‍ വി എസിന്‍റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.