മുല്ലപ്പെരിയാര്‍: അന്തിമ റിപ്പോര്‍ട്ട് 25ന് സമര്‍പ്പിക്കും

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2012 (18:25 IST)
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച് സുപ്രീംകോടതി ഉന്നതാധികാര സമിതി അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കി. ഏപ്രില്‍ 25ന് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ പരിഗണിച്ചുളള റിപ്പോര്‍ട്ടാണു തയാറാക്കിയതെന്നു സൂചന.

അടുത്ത മാസം നാലിനാണ് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുക. അന്നു തന്നെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും പരിഗണിച്ചേക്കും. ഏപ്രില്‍ മുപ്പതിനാണ് ഉന്നതാധികാര സമിതിയുടെ കാലാവധി അവസാനിക്കുന്നത്.

പുതിയ ഡാം, പുതിയ ടണല്‍, ഡാമിന്‍റെ സുരക്ഷ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതു സംബന്ധിച്ചു പരാമര്‍ശമില്ലെന്നും സൂചനയുണ്ട്. മുല്ലപ്പെരിയാറില്‍ അറ്റകുറ്റപണി നടത്തുന്നത് സംബന്ധിച്ച് തമിഴ്‌നാട് സമര്‍പ്പിച്ച പരാതിയിന്മേല്‍ നടപടി എടുക്കാനാവില്ലെന്ന് സമിതി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.