മുനീറിനെതിരെ നടപടിയെടുത്തേക്കും

Webdunia
തിങ്കള്‍, 31 ജനുവരി 2011 (08:46 IST)
PRO
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പുതിയ മാധ്യമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുസ്ലീംലീഗ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. വെളിപ്പെടുത്തല്‍ നടത്തിയ ഇന്ത്യാവിഷന്‍ ചാനല്‍ എംകെ മുനീറിന്റെ ഉടമസ്ഥതിയിലുള്ളതിനാല്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ മുനീറിനെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

കോഴിക്കോട്ട് ലീഗില്‍ ഹൌസില്‍ വച്ച് തിങ്കളാഴ്ച രാവിലെയാണ് യോഗം ചേരുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യാവിഷന്‍ ചാനല്‍ പികെ കുഞ്ഞാലിക്കുട്ടിയെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു എന്നും ഇപ്പോഴത്തെ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍, ഇന്ത്യാവിഷന്‍ വെളിപ്പെടുത്തലിനോട് മുനീറിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല എന്നും മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിവരങ്ങള്‍ പുറത്തുവരണമെന്ന് മുനീറിന് ആഗ്രഹമുണ്ടായിരുന്നു എന്നാണ് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.