മുഖ്യമന്ത്രി സമ്മതിച്ചാല്‍ എം‌എല്‍‌എ സ്ഥാനം രാജി വയ്ക്കുമെന്ന് ഗണേഷ്കുമാര്‍

Webdunia
വെള്ളി, 5 ഏപ്രില്‍ 2013 (20:15 IST)
PRO
PRO
മുഖ്യമന്ത്രി സമ്മതം മൂളുന്ന ഏതു നിമിഷവും എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന് ഗണേഷ് കുമാര്‍. വീണ്ടും ജനവിധി തേടാന്‍ തയാറാണ്. കോടതിയിലും സത്യം തെളിയും. ജനങ്ങളുടെ കോടതിയുടെ അംഗീകാരവും നേടും. ഈ ഗൂഢാലോചനയുടെ പിന്നാമ്പുറം വെളിച്ചത്ത് വരുമെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. ദൈവത്തിന്റെ കോടതിയിലും അതു തെളിയിക്കപ്പെടും എന്നാണ് പൂര്‍ണ വിശ്വാസമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശനും കെഎഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാന്‍ സാബു ചെറിയാനും തയ്യാറായി . അവരെ നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അവര്‍ തുടരണം. സിനിമയ്ക്ക് വേണ്ടി ഇതുവരെ ചെയ്ത കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. അതിനവര്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിരഹിതമായും കാര്യക്ഷമമായും രണ്ടു വര്‍ഷത്തോളം വകുപ്പുകള്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ നടന്ന ഗൂഢാലോചനയാണ് തന്റെ രാജിയില്‍ കലാശിച്ചത്. ഈ ഗൂഢാലോചനയ്ക്ക് സൂത്രധാരനായി നിന്നത് സ്വന്തം അച്ഛന്‍ തന്നെയാണ്. പി.സി. ജോര്‍ജിനെ പോലെ ചിലരും കരുക്കള്‍ നീക്കി. പാര്‍ട്ടിക്ക് വിധേയനാകണമെന്ന് അച്ഛന്‍ പറഞ്ഞതിന്റെ അര്‍ഥം അഴിമതിക്ക് വിധേയനാകണമെന്നായിരുന്നു. അതിനു കൂട്ടു നില്‍ക്കാത്തതിന്റെ പേരിലാണ് ഗൂഢാലോചനയുടെ അച്ചുതണ്ട് രൂപപ്പെട്ടതെന്നും ഗണേഷ് പറഞ്ഞു.

ഏപ്രില്‍ ഒന്നിന് വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിക്കുന്നതിനു മുമ്പായി തന്നെ അക്കാര്യം മന്ത്രി ഷിബുവിനെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മന്ത്രിസ്ഥാനത്തിനൊപ്പം എം എല്‍ എ സ്ഥാനവും രാജി വയ്ക്കുന്ന കാര്യം മുഖ്യമന്തിയെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി അതു തടഞ്ഞു. തന്റെ സമ്മതമില്ലാതെ എംഎല്‍എ സ്ഥാനം രാജി വയ്ക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവസാനം അതു സമ്മതിച്ചു.

താന്‍ നിരപരാധിയാണെന്നും മുഖ്യമന്ത്രിക്ക് എല്ലാ സത്യവും അറിയാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചീഫ് വിപ്പ് പി സി. ജോര്‍ജിന്റെ ബ്ളാക്മെയിലിങ്ങ് ഭീഷണികളെ താല്‍ ഒട്ടും വകവയ്ക്കില്ലെന്നും ഗണേഷ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാ‍ര്യം വെളിപ്പെടുത്തിയത്.