കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് കേന്ദ്രമാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും കേന്ദ്ര നേതൃത്വവുമാണ്. ഇക്കാര്യത്തില്‍ വയലാര്‍ രവി പറഞ്ഞ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
കഴിഞ്ഞദിവസം നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ നേതൃത്വത്തെ നിലവില്‍ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വയലാര്‍ രവി ഇന്ന് പ്രസ്താവന നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കേ യു ഡി എഫില്‍ ഉള്‍ഗ്രൂപ്പ് സ്ഫോടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.