മുഖ്യമന്ത്രിയെ കാണാന്‍ രാജിക്കത്തുമായി പിസിയെത്തി

Webdunia
വെള്ളി, 27 മാര്‍ച്ച് 2015 (08:34 IST)
രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എത്തി. രാജിക്കത്ത് മാധ്യമപ്രവര്‍ത്തകരെ കാണിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൌസിലേക്ക് പി സി ജോര്‍ജ് പോയത്. ഇനി ചീഫ് വിപ്പ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 
“തന്നോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ പി കെ കുഞ്ഞാലിക്കുട്ടിയോ മോശമായി പെരുമാറിയിട്ടില്ല. താന്‍ രാജി വെയ്ക്കണമെന്നത് കെ എം മാണിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആവശ്യമാണ്. രാജിവെയ്ക്കാന്‍ തയ്യാറായി തന്നെയാണ് മുഖ്യമന്ത്രിയെ കാണുന്നത്” - ക്ലിഫ് ഹൌസിലേക്ക് പോകുന്നതിനു മുമ്പ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഔദ്യോഗികവാഹനം ഉപേക്ഷിച്ചായിരുന്നു പി സി ജോര്‍ജ് രാജിക്കത്തുമായി എത്തിയത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (എം) കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മന്ത്രി കെ എം മാണിക്ക് മാത്രമാണ് തന്നോട് വിരോധമെന്ന് പറഞ്ഞ ജോര്‍ജ് മന്ത്രി പി ജെ ജോസഫ് അടക്കം ആര്‍ക്കും തന്നോട് വിരോധമില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെയൊപ്പമുള്ള ആരെയും മാണിക്ക് കിട്ടില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.