മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് സി-ഡിറ്റിന്റെ സൂര്യകേരളം പദ്ധതിയുടെ ഭാഗമായിട്ടാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
2012 ജൂണില്‍ ഇത് സ്ഥാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം ഒരു കിലോവാട്ട് സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ 2,70,000 രൂപ ചെലവാകും. ഇതിന് സി-ഡിറ്റ് ചെലവഴിച്ചത് 2,20,000 രൂപ മാത്രമാണ്. പ്രതിദിനം 5 യൂണിറ്റ് വീതം ഉത്പാദിപ്പിക്കുന്ന ഈ യൂണിറ്റില്‍നിന്നും 1500 യൂണിറ്റോളം വൈദ്യുതി ഉത്പാദിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ 20 ഓളം ട്യൂബും ഫാനും ഈ സൗരോര്‍ജ്ജം മൂലമാണ് പ്രവര്‍ത്തിക്കുന്നത്. എംപിപിടി (മാക്‌സിമം പവര്‍ പോയിന്റ് ട്രാക്കിങ്) ചാര്‍ജ്ജറും ഇന്‍വര്‍ട്ടര്‍ സംവിധാനമുള്‍പ്പെടെ ചെയ്തത് മെഗാബൈറ്റ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ്. സോളാര്‍ പ്ലാന്റിന്റെ മുഖ്യഘടകമായ പാനല്‍ സപ്ലൈ ചെയ്തത് എംഎന്‍ആര്‍ഇ അംഗീകാരമുള്ള അമ്മിണി സോളാറാണ്. ഇതിന് ഉപയോഗിച്ചിരിക്കുന്ന ട്യൂബുലാര്‍ ബാറ്ററി ആംകോ എന്ന എംഎന്‍ആര്‍ഇ അംഗീകരിച്ച മറ്റൊരു കമ്പനിയുടേതുമാണ്. ആകെ ചെലവാക്കിയ തുകയുടെ 80 ശതമാനം വരും
ഇതിനായി ചെലവാക്കിയ തുക. 2012 ജൂണ്‍ 4 ന് ഈ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിക്കുമ്പോള്‍ അനെര്‍ട്ട് ആരെയും എംപാനല്‍ ചെയ്തിരുന്നില്ല. അനെര്‍ട്ട് എംപാനല്‍ ചെയ്തത് 2012 സെപ്റ്റംബര്‍ 26 നാണ്. ഇതിന് ആറ് മാസം മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ വെച്ചത്.
ഈ ഇനത്തില്‍ സര്‍ക്കാരില്‍നിന്നും മെഗാബൈറ്റോ സി-ഡിറ്റോ ഒരു രൂപപോലും സബ്‌സിഡിയായി വാങ്ങിയിട്ടില്ല. ആകെ 2,20,000 രൂപ ചെലവാക്കിയ ഒരു പദ്ധതിയുടെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷശ്രമം ബാലിശമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.