മുഖ്യമന്ത്രിക്കെതിരെ പ്രകടനം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (18:00 IST)
PRO
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് നൂറുകണക്കിന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് സെക്രട്ടേറിയറ്റിന്‍റെ പ്രധാന കവാടത്തിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ സമരക്കാര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

പൊലീസിനെയും സര്‍ക്കാരിനെയും സലിം‌രാജ് ഭരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ യു ഡി എഫ് മന്ത്രിസഭ തന്നെ രാജിവയ്ക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മറ്റ് ഇടതുസംഘടനകളും സംസ്ഥാനമാകെ പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. സോളാര്‍ സമരകാലത്തിന്‍റെ ആവര്‍ത്തനത്തിലേക്കാണ് ഈ തെരഞ്ഞെടുപ്പുകാലം പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.