1993- ല്‍ നടന്ന മുംബൈ സ്‌ഫോടന കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതി കണ്ണൂരില്‍ പിടിയിലായതായി റിപ്പോര്‍ട്ട്‍. മുംബൈ സ്വദേശിയായ മനോജ് ലാല്‍ ബുവാരിലാല്‍ ഗുപ്തയെ രാവിലെ അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ വച്ചാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്.
ഇയാളുടെ യഥാര്‍ത്ഥ പേര് മനോജ്‌ലാല്‍ ബുവാരിയെന്നാണെങ്കിലും ഇയാള്‍ അറിയപ്പെട്ടിരുന്നത് മുഹമ്മദ് ഏലിയാസ് മുന്ന ഭായ് എന്ന പേരിലായിരുന്നു.നേരത്തെ വിചാരണ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ പിന്നീട് പ്രത്യേക പരിഗണന നല്‍കി വിട്ടയ്ക്കുകയായിരുന്നു. സുപ്രീം കോടതി ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ഈയാളെ കണ്ടെത്താന്‍ സിബിഐ ശ്രമം തുടങ്ങിയത്.
2008 ല്‍ കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ മുംബൈയില്‍ വെച്ച് വിവാഹം ചെയ്തു. ഭാര്യയെ പ്രസവത്തിനായി അത്താഴക്കുന്നിലെ ഭാര്യാ വീട്ടില്‍ കൊണ്ടുവിടാന്‍ ഇയാള്‍ എത്തിയതറിഞ്ഞ് സിബിഐ സംഘം അത്താഴക്കുന്നിലെത്തിയിരുന്നെങ്കിലും അപ്പോഴേക്കും ഇയാള്‍ വീട്ടില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.
ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇയാളെ പിടികൂടിയത്. വിവരം സിബിഐ സംഘത്തെ പൊലീസ് അറിയിച്ചു. ഇയാള്‍ ദാവൂദ് എബ്രാഹാം അടക്കമുള്ളവരുടെ അടുത്ത കൂട്ടാളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
1993 മാര്‍ച്ച് 12 നായിരുന്നു മുംബൈ നഗരത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 13 സ്‌ഫോടനങ്ങളിലായി 257 പേര്‍ മരിക്കുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.