മിഠായിത്തെരുവ് ദുരന്തത്തിന് രണ്ട് വയസ്

Webdunia
ഞായര്‍, 5 ഏപ്രില്‍ 2009 (10:54 IST)
കോഴിക്കോടിന്‍റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ ഉണ്ടായ വന്‍ അഗ്നിബാധക്ക് ഇന്ന് രണ്ട് വയസ് പൂര്‍ത്തിയാകുന്നു. അപകടം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത ഇന്നും തുടരുകയാണ്.

2007 ഏപ്രില്‍ അഞ്ചിനായിരുന്നു നിരവധി കച്ചവടക്കാരുടെ സ്വപ്നങ്ങള്‍ക്കു ഭംഗം വരുത്തി മിഠായിത്തെരുവില്‍ അഗ്‌നി സംഹാരതാണ്ഡവമാ‍യത്. അപകടത്തില്‍ എട്ടു പേര്‍ മരിച്ചിരുന്നു. ജീവിതോപാധി നഷ്‌ടമായത് അനേകം കുടുംബങ്ങള്‍ക്കും.

മൊയ്‌തീന്‍പള്ളി റോഡിലെ പടക്കശാലയിലുണ്ടായ തീപ്പിടിത്തും പെട്ടെന്നാണ് ആളിപടര്‍ന്നത്. ജനങ്ങള്‍ ഒന്നായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നെങ്കിലും തീനാളങ്ങളെ തടയാനായില്ല. 140 കച്ചവടസ്ഥാപനങ്ങള്‍ക്കു നാശനഷ്‌ടം സംഭവിക്കുകയും, 27 കടകള്‍ പൂര്‍ണമായും അഗ്‌നനിക്കിരയാകുകയും, 113 കടക്കാര്‍ക്ക്‌ ഭാഗികമായി നഷ്‌ടം സംഭവിക്കുകയും ചെയ്തിരുന്നു.

അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതാണ് സ്ഫോടനത്തിനും അഗ്നിബാധക്കും കാരണമായതെന്നാണ് അന്വേഷണങ്ങള്‍ക്കൊടുവില്‍ തെളിഞ്ഞത്. അതേസമയം, അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഇന്നും പൂര്‍ണമായി നല്‍കിയിട്ടില്ല എന്നത് ദുരന്തത്തിനിരയായവരോട് സര്‍ക്കാരിനുള്ള അനാസ്ഥ തെളിയിക്കുന്നു.