മാവോയിസ്റ്റ് സാന്നിധ്യം: പഴയകേസുകള്‍ കുത്തിപ്പൊക്കുന്നു

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (08:59 IST)
PTI
PTI
മലപ്പുറത്ത് തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് നേരത്തെ നടന്ന ആക്രമണ കേസുകള്‍ പുനരന്വേഷിക്കാന്‍ നീക്കം. മാവോയിസ്റ്റ്‌ ബന്ധം സംശയിച്ച്‌ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പാണ്ടിക്കാട്‌ സ്വദേശിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

2010 ജൂണില്‍ വണ്ടൂര്‍ അങ്ങാടിയില്‍ ആറംഗസംഘം വിമുക്‌തഭടന്‍ പോരൂര്‍ ചെട്ടിത്തൊടിക ശിവദാസനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഇയാള്‍ക്ക്‌ ബന്ധമുള്ളതായി പൊലീസ്‌ സംശയിക്കുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ പോരാട്ടം, അയ്യങ്കാളിപ്പട പ്രവര്‍ത്തകനാണെന്ന്‌ പൊലീസ്‌ പറയുന്നു.

അയല്‍വാസിയായ സ്‌ത്രീയുടെ വീട്‌ കത്തിനശിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയപ്പോഴാണ്‌ ശിവദാസന്‌ വെട്ടേറ്റത്‌. സംഭവവസ്ഥലത്തുനിന്ന്‌ അയ്യങ്കാളിപ്പടയുടേതെന്നു സംശയിക്കുന്ന നോട്ടീസും ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം പൊലീസിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഗൂഡല്ലൂരില്‍നിന്ന്‌ വന്ന കെഎസ്‌ആര്‍ടിസി ബസ്‌ തടഞ്ഞാണ്‌ പാണ്ടിക്കാട്‌ സ്വദേശി ഇസ്മായിലിന െ കസ്റ്റഡിയിലെടുത്തത്‌.

2009 ല്‍ പോരൂര്‍ താളിയംകുണ്ടില്‍ സ്‌ത്രീകള്‍ തനിച്ചുതാമസിക്കുന്ന വീട്ടില്‍ സ്ഫോടനം നടത്തിയ കേസില്‍ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഈ സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണോയെന്ന് പരിസോധിക്കും

2010 ല്‍ വാണിയമ്പലം റയില്‍വേ സ്റ്റേഷനില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ വീലിനും പാളത്തിനുമിടയില്‍ ഇരുമ്പുപട്ട കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവവും റയില്‍വേ പൊലീസടക്കം പ്രത്യേക സംഘം അന്വേഷിച്ചുവെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ആദ്യം അട്ടിമറിസാധ്യത സംശയിച്ചിരുന്നെങ്കിലും പിന്നീട്‌ കാര്യമായ തെളിവുകള്‍ ലഭിച്ചില്ല.

നിലവിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നെന്ന ആക്ഷേപവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പഴയകേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്.