മാര്‍പാപ്പയെ കമ്യൂണിസ്റ്റുകാരനാക്കി സിപി‌ഐ; ‘വിപ്ലവകാരിയുടെ രണ്ടാം വരവ്’

Webdunia
വെള്ളി, 7 ഫെബ്രുവരി 2014 (11:38 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പയെ കമ്യൂണിസ്റ്റുകാരനാക്കി സിപി‌ഐ. മാര്‍പാപ്പയുടെ നിലപാടുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും നെറ്റി ചുളിപ്പിച്ചതായി സിപിഐ വ്യക്തമാക്കുന്നു. എഐടിയുസി മുഖമാസികയായ ട്രേഡ് യൂണിയനില്‍ പ്രസിദ്ധീകരിച്ച 'ഫ്രാന്‍സിസ് പോപ്പ്, പത്രോസ് പുണ്യാളന്റെ രണ്ടാം വരവ് എന്ന ലേഖനത്തിലാണ് മാര്‍പാപ്പയെ കമ്യൂണിസ്റ്റുകാരനാക്കിയത്.

സിപിഐ നേതാവ് കാനം രാജേന്ദ്രനാണ് ലേഖനം എഴുതിയത്. താന്‍ ഒരു കമ്യൂണിസ്റ്റല്ല എന്ന് പോപ്പിന് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്. യേശുവിന്റെ അരുമ ശിഷ്യനായ പത്രോസ് പുണ്യാളനെന്ന വിപ്ലവകാരിയുടെ രണ്ടാം വരവിന്റെ പ്രതീതിയാണ് ഫ്രാന്‍സിസ് പാപ്പയുടെ വരവോടെ ഉണ്ടാവുന്നതെന്നു പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

ഇടുക്കിയിലും മലബാറിലെ മലയോര മേഖലയിലും ഇടതു പക്ഷത്തിന് അനുകൂലമായ ക്രൈസ്തവ വികാരം ഉണ്ടെന്ന് മനസിലാക്കിയാണ് ഈ നീക്കം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ജനം നിരത്തിലിറങ്ങിയപ്പോള്‍ പിന്തുണച്ചത് ഇടതുപക്ഷ സംഘടനകളാണ്. ഇതിനു പുറമേയാണ് സിപിഐയും സിപി‌എമ്മും ക്രൈസ്തവ അനുകൂല പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത്.