സംസ്ഥാന ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് കോട്ടയത്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം, മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് ഫ്രണ്ട് (എം) ന്റെ പേരിലായിരുന്നു ഈ പോസ്റ്ററുകള്‍ . കേരള കോണ്‍ഗ്രസ് (എം)ന്റെ യുവജനസംഘടനയാണ് യൂത്ത് ഫ്രണ്ട് (എം).
അതേസമയം, പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് യൂത്ത് ഫ്രണ്ട് (എം) വ്യക്തമാക്കി.
ബുധനാഴ്ച തന്നെ തിരുവനന്തപുരത്തും മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ കരുണാകരന് നല്കാത്ത പരിഗണന മാണിക്ക് നല്കുകയാണെന്ന് പറയുന്ന പോസ്റ്ററില്‍ മാണി രാജിവെച്ചില്ലെങ്കില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.
വയനാട്ടിലെ കല്പറ്റയില്‍ ആയിരുന്നു മാണിക്കെതിരെ ആദ്യം പോസ്റ്റര്‍ പതിച്ചത്. കെ എം മാണി അടിയന്തിരമായി രാജിവെച്ച് ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. കെ കരുണാകരനോട് കാണിക്കാത്ത അനുകമ്പ കോണ്‍ഗ്രസ് നേതൃത്വം എന്തിന് മാണിയോട് കാണിക്കുന്നുവെന്നും കല്പറ്റയിലെ പോസ്റ്ററില്‍ ചോദിക്കുന്നു.