മാണിക്ക് പണം കൊടുക്കാന്‍ പോകുന്നത് കണ്ടെന്ന് ബാര്‍ ഉടമ

Webdunia
വെള്ളി, 27 മാര്‍ച്ച് 2015 (12:25 IST)
ധനമന്ത്രി കെ എം മാണിക്കെതിരെ കോട്ടയത്തെ ബാര്‍ ഉടമ ലോകായുക്തയില്‍ മൊഴി നല്കി. ബാര്‍ ഉടമയും കോട്ടയം ജില്ല ബാര്‍ അസോസിയേഷന്‍ അംഗവുമായ സാജു ഡൊമിനിക് ആണ് ലോകായുക്തയില്‍ മാണിക്കെതിരെ മൊഴി നല്‌കിയത്.
 
കെ എം മാണിയുടെ വീടിന്റെ പടിക്കല്‍ താനാണ് പണം എത്തിച്ചത്. പതിനഞ്ചു ലക്ഷം രൂപ ബാര്‍ അസോസിയേഷന്‍ ഖജാന്‍ജി തങ്കച്ചന് കൈമാറി. തങ്കച്ചന്‍ ആ പണം ജോണ്‍ കല്ലാട്ടിനു നല്കുകയും ജോണ്‍ കല്ലാട്ട് ആ പണവുമായി മാണിയുടെ വീട്ടിലേക്ക് കയറി പോകുന്നത് താന്‍ കണ്ടെന്നുമാണ് സാജു ഡൊമിനിക് ലോകായുക്തയോട് പറഞ്ഞത്.
 
പണം നല്കിയതിനു ശേഷം താന്‍ ഉടന്‍ തന്നെ അവിടെ നിന്ന് മടങ്ങിയെന്നും ഇക്കാരണത്താല്‍ ജോണ്‍ കല്ലാട്ട് ഇറങ്ങിവരുന്നത് കണ്ടില്ലെന്നും സാജു ഡൊമിനിക് ലോകായുക്തയ്ക്ക് മൊഴി നല്കി. അതേസമയം, പ്രസിഡന്റ് രാജ്‌കുമാര്‍ ഉണ്ണിയും ബാറുടമ ജോണ്‍ കല്ലാട്ടും ലോകായുക്തയ്ക്ക് മൊഴി നല്കിയില്ല.
 
ബാര്‍ കോ‍ഴക്കേസ് ഇന്ന് ലോകായുക്ത പരിഗണിച്ചപ്പോഴാണ് സാജു ഡൊമിനിക് മൊഴി നല്കിയത്. ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളോട് ഇന്ന് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ രണ്ടുതവണ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയം നീട്ടി ചോദിക്കുകയായിരുന്നു.