മഴക്കെടുതി: അടിയന്തിരധനസഹായവിതരണം പൂര്‍ത്തിയാക്കും

Webdunia
വ്യാഴം, 8 മെയ് 2014 (15:35 IST)
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയിലും കാറ്റിലുംപെട്ട്‌ വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചവര്‍ക്കായുളള അടിയന്തിരധനസഹായവിതരണം  പൂര്‍ത്തിയാക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍. ഫോട്ടോ ഉള്‍പ്പെടെയുളള വിശദമായ അപേക്ഷയുടെയും അതിന്മേലുളള റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ സാമ്പത്തികസഹായം നല്‍കിവരുന്നത്‌. എന്നാല്‍ ഇങ്ങനെ അപേക്ഷിക്കുന്നതിന്‌ കാലതാമസം വരുമെന്നതിനാലാണ്‌ പൂര്‍ണ്ണമായും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പതിനായിരം രൂപയും ഭാഗികമായി നാശനഷ്‌ടം സംഭവിച്ചവര്‍ക്ക്‌ പരമാവധി 5,000 രൂപയും അടിയന്തിരമായി നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ ജില്ലാ കളക്‌ടര്‍ പറഞ്ഞു. 
 
ഇതിനായി 37.6 ലക്ഷംരൂപ ജില്ലാ ഭരണകൂടം ഇതിനോടകം അനുവദിച്ചിട്ടുണ്ട്‌. ജില്ലയിലാകെ 26 വീടുകളാണ്‌ പൂര്‍ണ്ണമായും നശിച്ചിട്ടുളളത്‌. ഭാഗികമായി നാശനഷ്‌ടം സംഭവിച്ച 522 വീടുകളുണ്ട്‌. വീട്‌ പൂര്‍ണ്ണമായും നശിച്ചവര്‍ക്ക്‌ പരമാവധി ഒരു ലക്ഷം രൂപയും ഭാഗികമായി നശിച്ചവര്‍ക്ക്‌ പരമാവധി അന്‍പതിനായിരം രൂപയും അനുവദിക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം. വീടിന്‌ നാശനഷ്‌ടം സംഭവിച്ചവര്‍ ഫോട്ടോയും നിര്‍ദ്ദിഷ്‌ട രേഖകളും ഉള്‍പ്പെടെ പൂര്‍ണ്ണരൂപത്തിലുളള അപേക്ഷ ബന്ധപ്പെട്ട വില്ലേജ്‌ഓഫീസര്‍മാര്‍ക്ക്‌ ഉടന്‍ സമര്‍പ്പിക്കണം. അപേക്ഷയിന്മേല്‍ സമയബന്ധിതമായി നടപടിയെടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അടിയന്തിരധനസഹായമായി അനുവദിക്കുന്ന തുക ഒഴിച്ചുളള ബാക്കി തുക ഒരാഴ്‌ചയ്‌ക്കകം നല്‍കുമെന്നും കളക്‌ടര്‍ അറിയിച്ചു. 
 
തിരുവനന്തപുരം നഗരത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന 59 മരങ്ങള്‍ ഉളളതായി ഇതിനായി രൂപീകരിച്ച കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്‌. ഇവയുടെ ശിഖരങ്ങള്‍ മൂന്ന്‌ ദിവസത്തിനുളളില്‍ മുറിച്ചുമാറ്റി അപകടസ്ഥിതി ഒഴിവാക്കും. മരങ്ങള്‍ക്ക്‌ തുടര്‍സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും കളക്‌ടര്‍ പറഞ്ഞു. റോഡ്‌ വക്കിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന തടികള്‍ ക്രയിന്‍ ഉപയോഗിച്ച്‌ നീക്കംചെയ്‌ത്‌ വരികയാണ്‌. ഇത്തരത്തിലുളള എല്ലാ തടികളും ഒരാഴ്‌ചയ്‌ക്കുളളില്‍ നീക്കംചെയ്യും. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന തീരപ്രദേശത്തുളളവര്‍ക്ക്‌ താല്‍ക്കാലികമായി സൗജന്യ റേഷന്‍ അനുവദിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 
 
വില്ലേജ്‌ ഓഫീസര്‍മാര്‍ തയ്യാറാക്കി തഹസീല്‍ദാര്‍മാരുടെ അംഗീകരാത്തോടെ സമര്‍പ്പിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക്‌ അവരവരുടെ റേഷന്‍കടകളില്‍ നിന്ന്‌ സൗജന്യറേഷന്‍ ലഭ്യമാക്കും. സൗജന്യറേഷന്‍ ആവശ്യമുളളവര്‍ അവരവരുടെ റേഷന്‍കാര്‍ഡ്‌ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷകള്‍ അതത്‌ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ സമര്‍പ്പിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ കഴക്കൂട്ടം, കുളത്തൂര്‍, കമലേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട വൈദ്യുതി തടസ്സം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചിട്ടുണ്ട്‌. ജില്ലയില്‍ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ വൈദ്യുതിതടസ്സം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കളക്‌ടറേറ്റ്‌ കണ്‍ട്രോള്‍റൂമിലോ (0471 2730045) കെ.എസ്‌.ഇ.ബി.യുടെ കണ്‍ട്രോള്‍ റൂമിലോ (0471 -2466431, 2466448, 2469074, 2451027 ടോള്‍ഫ്രീ നമ്പര്‍ - 155333) അറിയിക്കാവുന്നതാണ്‌. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിന്‌ താലൂക്ക്‌തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. നമ്പരുകള്‍: നെയ്യാറ്റിന്‍കര: 0471 2222227, വര്‍ക്കല: 0470 2613222, നെടുമങ്ങാട്‌: 0472 2802424, കാട്ടാക്കട: 0471 2291414, തിരുവനന്തപുരം: 0471 2462006, ചിറയിന്‍കീഴ്‌: 0470 2620480.