മലയാളി എഞ്ചിനിയര്‍ കുവൈറ്റില്‍ മരിച്ചത്; ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (14:06 IST)
കുവൈറ്റില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുടെ ചുരുളഴിയുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ റമീസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
 
കഴിഞ്ഞ കുറെ നാളുകളായി റമീസ് മാനസികസംഘർഷത്തില്‍ ആയിരുന്നെന്ന് സുഹൃത്തുക്കള്‍ അന്വേഷണസംഘത്തിന് മൊഴി നല്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്കിയ  കേണൽ ഖാലിദ് ഹമീസ് ആണ് ഇക്കാര്യം അറിയിച്ചത്. 
 
നാലുദിവസം മുമ്പാണ് അബുഖലീഫയിൽ താമസിച്ചിരുന്ന റമീസിനെ  കാണാതായത്. ഇതിനെ തുടര്‍ന്ന് റമീസിന്റെ കുവൈറ്റിലെ ബന്ധുക്കൾ പൊലീസിൽ പരാതി നല്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മലയാളികൾ അടക്കം നിരവധി പേരെ പൊലീസ്‌ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
 
ഫോറൻസിക്  പരിശോധനയിൽ  മരണകാരണം ഞരമ്പ്‌  മുറിഞ്ഞു രക്തം വാര്‍ന്നതാണെന്ന്  തെളിഞ്ഞിരുന്നു.  ഞരമ്പ്‌ മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ്  മൃതദേഹത്തിൽ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ്‌  ആത്മഹത്യ ആണെന്ന നിഗമനത്തിൽ അന്വേഷണസംഘം  കേസ് അവസാനിപ്പിച്ചത്.