മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നാലെ വോട്ടിങ് മെഷീനുകളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി എല്ലാ മണ്ഡലങ്ങളിലും ആധിപത്യം ഉയർത്തിയിരിക്കുകയാണ്. നിലവിൽ 22505 വോട്ടിനാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഡ്.
അണികളാകട്ടെ എല്ലായിടത്തും ആഹ്ലാദപ്രകടനം ആരംഭിക്കുകയും ചെയ്തു. ജയിച്ചാലും ഇല്ലെങ്കിലും അമ്പരപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്തരിച്ച ഇ അഹമ്മദ് വളരെ വലിയ നേതാവ്. അദ്ദേഹവുമായി താരതമ്യം വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇ അഹമ്മദിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി തകർക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യം കൊണ്ടോട്ടിയിലെ എല്‍ഡിഎഫിന് ഭൂരിപക്ഷമുളള മേഖലകളിലെ വോട്ടുകളാണ് എണ്ണിയത്. പതിനൊന്ന് മണിയോടെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുമെന്നാണ് പ്രതീക്ഷ.
രണ്ടാം സ്ഥാനം എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നതിനാല്‍ ഇരുപക്ഷവും സജീവപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.21 ആയിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പിലാകട്ടെ 77.33 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 67.76 ശതമാനമായിരുന്നു പോളിങ് ശതമാനം.