മരണം അഞ്ചായി; എത്രപേര്‍ ബോട്ടിലുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (15:27 IST)
ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം അഞ്ചായി. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടില്‍ 38 പേരുണ്ടായിരുന്നതായാണ് ടിക്കറ്റ് കൌണ്ടറില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ബോട്ടുനിറയെ ആളുകളുണ്ടായിരുന്നു എന്നും എണ്‍‌പത് പേരോളം ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.
 
28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ ഒഴുക്കില്‍പ്പെട്ടതായാണ് നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും പൊലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും നാട്ടുകാര്‍ ആരോപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം നടന്നത്. യാത്രാ ബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിക്കുകയായിരുന്നു. വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.
 
മത്സ്യബന്ധന ബോട്ട് ഇടിച്ചതിനെത്തുടര്‍ന്ന് യാത്രാബോട്ട് രണ്ടായി പിളര്‍ന്ന് പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ കമാലക്കടവില്‍ വച്ചാണ് അപകടമുണ്ടായത്. ബോട്ട് കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപകടം നടന്നയിടത്തും പരിസരങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  
 
അപകടം നടന്നത് കപ്പല്‍ ചാലിനടുത്തായതിനാല്‍ ഈ ഭാഗത്ത് കായലിന്റെ ആഴം കൂടുതലാണ്. അഴിമുഖ സ്വഭാവമുള്ള ഇവിടെ ശക്തമായ അടിയൊഴുക്കും ഉണ്ട്. അപകടത്തിനിടയാക്കിയ മത്സ്യബന്ധന ബോട്ട് പൊലീസ് കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്.