വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന് പാസ്‌പോര്‍ട്ട് അനുവദിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട്. അബ്ദുറബ്ബിന്റെ മകന്‍ നിസ നഹ ഹൈദരാബാദിലാണ് സ്ഥിര താമസമെന്ന് കാണിച്ചാണ് പാസ്‌പോര്‍ട്ട് അപേക്ഷ പൊലീസ് തള്ളിയതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അപേക്ഷ നിരസിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് മന്ത്രി പി കെ അബ്ദുറബ്ബ് ഡിജിപിക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്.
മന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്‍ നിസ നഹ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൈദരാബാദിലാണ് താമസം. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിപിഒ ആയ രമേശാണ് നിസ നഹയുടെ അപേക്ഷ നിരസിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ ഹൈദരാബാദില്‍ എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയാണ് മകനെന്നും സ്ഥിരതാമസം പരപ്പനങ്ങാടിയില്‍ തന്നെയായതിനാലാണ് അപേക്ഷ പരപ്പനങ്ങാടിയിലെ മേല്‍വിലാസത്തില്‍ നല്‍കിയതെന്നും മന്ത്രി ഡിജിപിക്ക് നല്‍കിയ പരാതില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സ്ഥലത്തെ മേല്‍ വിലാസത്തിലോ വീട്ട് അഡ്രസിലോ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ രാഷ്ട്രീയ വിരോധത്താലാണ് ചില പൊലീസുകാര്‍ തന്റെ മകന്റെ അപേക്ഷ നിരസിച്ചതെന്നും അന്വേഷിച്ച് നടപടി വേണമെന്നും മന്ത്രി ഡിജിപിയോട് ആവശ്യപെട്ടിട്ടുണ്ട് .