മന്ത്രിസഭ പുനഃസംഘടന: മൂന്ന് മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുന:സംഘടനയെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നാല്‍ നിലവിലുള്ള മൂന്ന് മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. പകരം ഘടകകക്ഷികളില്‍ നിന്നുള്ള രണ്ടുപേരെയും കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാളെയും തല്‍‌സ്ഥാനങ്ങളിലേക്ക് അവരോധിക്കാന്‍ നീക്കം നടക്കുന്നതായാണ് യുഡി‌എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇന്നലെയും അദ്ദേഹമിത് ആവര്‍ത്തിച്ചു. എന്നാല്‍, മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്. എന്നാല്‍ കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭ പുനഃപ്രവേശം കൂടി ലക്‍ഷ്യമിട്ടാണ് ഉമ്മന്‍‌ചാണ്ടിയുടെ നീക്കം.

ഇപ്പോള്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത ഒരു സമുദായത്തിലെ നേതാവിനെയാകും കോണ്‍ഗ്രസില്‍ നിന്ന് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. പുതുതായി യുഡിഎഫില്‍ എത്തിയ ആര്‍‌എസ്‌പിക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇങ്ങനെ മൂന്നുപേരെ ഉള്‍ക്കൊള്ളിക്കുമ്പോള്‍ പകരം മൂന്നുപേരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കും.

എന്നാല്‍ ഈ നീക്കങ്ങള്‍ എത്രത്തോളം ഫലം കാണുമെന്നതാണ് വിവിധ ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. വീണ്ടും മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായാല്‍ വിവിധ വകുപ്പുകളുടെ പദ്ധതികളെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍‌ചാണ്ടിക്കെതിരേയും രമേശിനെതിരേയും ആരോപണങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പുനഃസംഘടന എന്നത് കീറാമുട്ടിയാകുമെന്ന് ഉറപ്പ്.