മന്ത്രിസഭാ പുനഃസംഘടന; മുഖ്യമന്ത്രി ആന്റണിയെ കാണും

Webdunia
ശനി, 3 ഓഗസ്റ്റ് 2013 (10:15 IST)
PRO
PRO
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാടാണ് ചര്‍ച്ചകള്‍ സ്തംഭിപ്പിച്ചത്. രമേശിന്റെ നിലപാട് ഹൈക്കമാന്‍‌ഡ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു.

സംയുക്ത വാര്‍ത്താസമ്മേളനം നടത്തേണ്ടതിന് പകരം രമേശ് ചെന്നിത്തല ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിച്ചതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. ഡല്‍ഹി ചര്‍ച്ച സ്തംഭിച്ചത് സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ ആഭ്യന്തര കലഹത്തിനിടയാക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിലെ ഐ വിഭാഗം നീങ്ങുന്നതെന്നാണ് സൂചന.

ഉപമുഖ്യമന്ത്രി പദം, റവന്യൂ വകുപ്പിന്റെ ചുമതല എന്ന നിലയില്‍ രമേശ് മന്ത്രിസഭയില്‍ ചേരുമെന്ന് ഹൈക്കമാന്‍ഡിനും പ്രതീക്ഷയുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിപദം ലീഗിന് അവകാശപ്പെട്ടതാണെന്ന നിലപാടില്‍ മുസ്ലിം ലീഗ് നേതൃത്വം ഉറച്ചുനിന്നു. പിന്നെയുള്ളത് ആഭ്യന്തരമന്ത്രിപദമാണ്. ഇതു വിട്ടുനല്‍കില്ലെന്ന് എ ഗ്രൂപ്പ് തീര്‍ത്തുപറഞ്ഞതോടെ പ്രതിസന്ധി മുറുകിയത്.

ഇതിനിടെ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന നിബന്ധന കെ എം മാണി കര്‍ക്കശമാക്കി.ചര്‍ച്ചകള്‍ തന്നെ അപമാനിക്കുന്ന നിലയിലേക്ക് നീങ്ങുന്നുവെന്ന് ചെന്നിത്തലയ്ക്ക് തോന്നിയതോടെ മുകുള്‍ വാസ്‌നിക്കിനെയും അഹമ്മദ് പട്ടേലിനെയും മന്ത്രിയാകാനില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. മന്ത്രിസഭാ പ്രവേശന ചര്‍ച്ചകള്‍ക്ക് ഇനി താനില്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ഏത് സാഹചര്യത്തിലാണ് രമേശ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചര്‍ച്ച തുടരുമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് മുകുള്‍ വാസ്‌നിക്, മന്ത്രിസഭയിലേക്കില്ലെന്ന ചെന്നിത്തലയുടെ തീരുമാനം ഹൈക്കമാന്റ് അംഗീകരിച്ച കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. പുനഃസംഘടനാ ചര്‍ച്ചയില്‍ തനിക്ക് വേദനയുണ്ടായതായി രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. വൈകിട്ട് ആറിന് സംസ്ഥാനകമ്മിറ്റി ഓഫീസിലാണ് യോഗം. കേന്ദ്ര മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാകും യോഗത്തില്‍ ഊന്നല്‍ നല്‍കുക.