മന്ത്രിസഭാ ഉപസമിതി നാളെ മൂന്നാറില്‍

Webdunia
വെള്ളി, 29 ജനുവരി 2010 (12:43 IST)
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റത്തെക്കുറിച്ച് പഠിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി നാളെ മൂന്നാറില്‍. വ്യാഴാഴ്ച രാത്രി വൈകി ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

വനം മന്ത്രി ബിനോയി വിശ്വം, വൈദ്യുതി മന്ത്രി എ കെ ബാലന്‍, റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തിനു ശേഷം മന്ത്രി കെ പി രാജേന്ദ്രനാണ് മൂന്നാര്‍ സന്ദര്‍ശനം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

മൂന്നാറിലെ ഭൂമി കൈയേറ്റം തടയാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നാളെ ചേരുന്ന ഉപസമിതി യോഗം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി എന്ത്‌ ചെയ്യണമെന്ന കാര്യമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക‌.

നാളെ മൂന്നാര്‍ സന്ദര്‍ശിച്ചതിനു ശേഷം ചേരുന്ന ഉപസമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കി മന്ത്രിസഭായോഗത്തിന്‌ നല്‍കും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഹൈക്കോടതിയെ വിവരം അറിയിക്കുക. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി യു ഡി എഫ് നേതാക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു.