മന്ത്രിപുത്രന്‍റെ അനാശാസ്യം: മഞ്ചേരിയില്‍ അടി

Webdunia
ഞായര്‍, 28 ഫെബ്രുവരി 2010 (18:00 IST)
മന്ത്രിപുത്രന്‍റെ അനാശാസ്യത്തെച്ചൊല്ലി മഞ്ചേരിയില്‍ തമ്മില്‍‌തല്ല്. ഡിവൈ‌എഫ്‌ഐക്കാരും യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. മന്ത്രിപുത്രന്‍ മഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ഒരു സിനിമാ നടിയുമായി അനാശാസ്യത്തിന് എത്തിയിട്ടുണ്ടെന്ന വാര്‍ത്തയാണ് നാടകീയ രംഗങ്ങള്‍ക്കും സംഘര്‍ഷത്തിനും വഴിവെച്ചത്.

ഉച്ചയ്ക്ക് രണ്ട് മണിയൊടെയായിരുന്നു സംഭവം. മന്ത്രിപുത്രന്‍ ഹോട്ടലില്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് യൂത്ത് ലീഗിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ഒരു സംഘം പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തി. ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഇവര്‍ ഹോട്ടലിലെ മുറികള്‍ കയറിയിറങ്ങി പരിശോധന ആരംഭിച്ചു.

പിന്നാലെ പൊലീസും എത്തി മുറികളില്‍ കയറി പരിശോധന തുടങ്ങി. ഇതിനിടയില്‍ ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. പൊലീസിന്‍റെ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഇതിനു ശേഷം ഈ വാര്‍ത്ത എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാര്‍ട്ടിക്കാര്‍ തട്ടിക്കയറിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും ഡിവൈ‌എഫ്‌ഐക്കാര്‍ക്ക് നേരെ തിരിഞ്ഞു. തുടര്‍ന്ന് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഹോട്ടലിന് നേര്‍ക്ക് കല്ലേറും ഉണ്ടായി. ഏറെ നേരത്തിന് ശേഷമാണ് സ്ഥിതി ശാന്തമായത്. സംഭവമറിഞ്ഞ് മലപ്പുറം ഡിവൈ‌എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും എത്തിയിരുന്നു.