മനുഷ്യക്കടത്ത്: സിബിഐക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

Webdunia
വെള്ളി, 21 ജൂണ്‍ 2013 (20:01 IST)
PRO
PRO
മനുഷ്യക്കടത്തിനെ കുറിച്ച് സിബിഎക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലെ സിബിഐ റെയ്ഡിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി വന്‍ തോതില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി വ്യക്തമായിട്ടുണ്ട്. മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം.

കരിപ്പൂര്‍ വിമാനതാവളം വഴി മനുഷ്യക്കടത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം സിബിഐ പരിശോധിക്കുകയാണ്. ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളും സിബിഐയുടെ നിരീക്ഷണത്തിലാണ്. ഈ സംഭവത്തിന്റെ ഭാഗമായി തന്നെയാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ സിബിഐ പരിശോധന നടത്തിയത്. പരിശോധനയില്‍ രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ട്രാവല്‍ ഏജന്‍സി നല്‍കിയ പണമാണെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം.

പാസ്‌പോര്‍ട്ട് ഓഫീസറായ അബ്ദുള്‍ റഷീദിന്റെ നിയമനം നിലവില്‍ വിവാദ വിഷയമാണ്. പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

മുസ്ലീം ലീഗ് മന്ത്രിയായ പികെ കുഞ്ഞാലിക്കുട്ടിയുടെയും മറ്റ് മുസ്ലീം ലീഗ് നേതാക്കളുടെയും ഗണ്‍മാനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ പാസ്‌പോര്‍ട്ട് ഓഫീസര്‍. സിബിഐയുടെ സൂചനകളനുസരിച്ച് ഇന്ത്യയില്‍ ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് ഓഫീസറായി സര്‍വീസ് അനുഷ്ഠിക്കുന്നില്ല.