മദ്യലഹരിയിലായിരുന്ന പിതാവിന്റെ കൈയില്‍ നിന്ന് തറയില്‍ വീണ രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നെട്ടയം പേരൂര്‍ തറട്ട വീട്ടില്‍ രാജേഷിന്റെ മകള്‍ ലാവണ്യയാണ് വീട്ടിനുമുന്നിലെ റോഡരികില്‍ വീണ് മരിച്ചത്. രാജേഷ് പോലീസ് കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച പകല്‍ മൂന്നരയ്ക്കാണ് സംഭവം. രാജേഷ്- വീണ ദമ്പതിമാരുടെ ഏക മകളാണ് ലാവണ്യ. സംഭവത്തെത്തുടര്‍ന്ന് കാണാതായ രാജേഷിനെ രാത്രി ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അമ്മ വീണ എസ്എടി ആസ്പത്രിയില്‍ ചികിത്സയിലാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് രാജേഷ്. അപകടം നടക്കുമ്പോഴും രാജേഷ് മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിനെ ഒക്കത്തിരുത്തി റോഡരികില്‍ ഇരിക്കുകയായിരുന്നു രാജേഷ്. വീതികുറഞ്ഞ റോഡിലൂടെ രണ്ട് വാഹനങ്ങള്‍ ഒരേ സമയം വന്നപ്പോള്‍ രാജേഷ് പേടിച്ചു പിന്മാറി. അപ്പോഴാകാം കുട്ടി തറയില്‍ വീണതെന്ന് കരുതുന്നതായി പേരൂര്‍ക്കട സിഐ കെ.പ്രദീപ് വ്യക്തമാക്കി.
സംഭവം കണ്ട അയല്‍വാസിയായ കുട്ടിയില്‍നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. നിലത്ത് തലയിടിച്ചാണ് കുഞ്ഞ് വീണത്. അപ്പോള്‍ തന്നെ എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.