മദ്യനയം: ബാര്‍ ഉടമകളുടെ ഹര്‍ജി ജൂലൈ പത്തിലേക്ക് മാറ്റി

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (17:24 IST)
ബാര്‍ ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി ജൂലൈ പത്തിലേക്ക് മാറ്റി. സത്യവാങ്‌മൂലം നല്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബാര്‍ ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. മദ്യനയം സംബന്ധിച്ചായിരുന്നു ബാര്‍ ഉടമകളുടെ ഹര്‍ജി.
 
അതേസമയം, കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ബാര്‍ ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് വ്യത്യസ്ത നിരീക്ഷണം നടത്തിയിരുന്നു.
 
സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഗോപാലഗൗഡ നിരീക്ഷിച്ചു. അതേസമയം, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കുന്നതിലെ യുക്തി എന്താണെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ധവെ ചോദിച്ചു.
 
അതേസമയം, മദ്യം വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.