മദനിയെ ആശുപത്രിയിലേക്ക് മാറ്റി

Webdunia
തിങ്കള്‍, 7 ജനുവരി 2013 (14:15 IST)
PRO
PRO
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്കാണ് മദനിയെ മാറ്റിയത്.

മദനിയുടെ സഹായത്തിന് മകന്‍ ഉമര്‍ മുക്താര്‍ ഒപ്പമുണ്ടാകും. ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദനിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പരപ്പന അഗ്രഹാര സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സഹായത്തിനായി ഭാര്യയെയും മകനെയും കൂടെ നിര്‍ത്താമെന്നും കോടതി പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും വിദഗ്ദ്ധ ചികിത്സ തേടണമെന്നും കാണിച്ച് മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.

മദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണു നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും മദനിക്ക് വേണ്ടി ഹാജരായ അഡ്വ പി ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു.

മദനിയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് മദനി അറസ്റ്റിലായത്.