മകരജ്യോതി തട്ടിപ്പാണെന്നും ഇതിന്റെ പേരില്‍ പാവപ്പെട്ട ഭക്തരുടെ ജീവന്‍ പന്താടുന്നത് ശരിയല്ലെന്നും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അധ്യക്ഷനും മഠാധിപതിയുമായ സ്വാമി ഭൂമാനന്ദതീര്‍ത്ഥ തൃശൂരില്‍ പറഞ്ഞു. കൃത്രിമമായി വെളിച്ചം തെളിയിക്കുന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉടനടി നിര്‍ത്തണമെന്നും ഭൂമാനന്ദതീര്‍ത്ഥ ആവശ്യപ്പെട്ടു. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിലാണു സ്വാമി ഈ ആവശ്യം ഉന്നയിച്ചത്.
“ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തലക്ഷങ്ങളെ കബളിപ്പിച്ചാണു മകരജ്യോതിയെന്ന പേരില്‍ കൃത്രിമമായി വെളിച്ചം തെളിയിക്കുന്നത്. ഇത് എത്രയും വേഗം സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിര്‍ത്തണം. ഇതിന്റെ പേരില്‍ പാവപ്പെട്ട ഭക്തരുടെ ജീവനിട്ടു പന്താടുന്നതു ശരിയല്ല. ഇക്കാര്യം തന്ത്രിയും ദേവസ്വം ബോര്‍ഡ് അധികൃതരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.”
“കര്‍പ്പൂരം നിറച്ച വലിയ പാത്രത്തില്‍ തീയിട്ട് പിന്നീട് നനഞ്ഞ ചാക്ക് രണ്ടുതവണ ഇട്ടാണ് ജ്യോതി കൃത്രിമമായി തെളിയിക്കുന്നത്. യുക്തിക്കും ഭക്തിക്കുമാണു വിശ്വാസത്തില്‍ സ്ഥാനം. മനുഷ്യന് നേരിട്ട് അനുഭവവേദ്യമായ കാര്യത്തില്‍ ശാസ്ത്രീയമായ പരിഹാരം കാണാന്‍ വേദങ്ങള്‍ അനുശാസിക്കുന്നുണ്ട്.”
“വൈദ്യുതി ബോര്‍ഡ് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ഉദ്യോഗസ്ഥര്‍ പാന്റ്സിട്ടാണ് ഇതു കത്തിക്കുന്നതെന്നു ഹൈക്കോടതി നിയോഗിച്ച നളിനാക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുക്തിവാദികള്‍ ഇവിടെ ചെല്ലാന്‍ അനുമതി ചോദിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി നായനാര്‍ അതു നിഷേധിക്കുകയായിരുന്നു എന്ന് ഓര്‍മ വേണം” - ഭൂമാനന്ദതീര്‍ത്ഥ പറഞ്ഞു.
കോടതി അനാവശ്യമായി വിശ്വാസകാര്യത്തില്‍ കൈ കടത്തുകയാണെന്ന സംഘപരിവാര ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘വിവാദം വരട്ടെ, അതിലൂടെയേ പരിഹാരമുണ്ടാവൂ’ എന്ന് ഭൂമാനന്ദതീര്‍ത്ഥ പ്രതികരിച്ചു. മുമ്പ് എളവൂരിലെ കമ്പി ശരീരത്തില്‍ കൊളുത്തിയുള്ള തൂക്കത്തിനും കൊടുങ്ങല്ലൂരിലെ തെറിപ്പാട്ടിനും മറ്റുമെതിരേ സ്വാമി ഭൂമാനന്ദതീര്‍ത്ഥ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്തിരുന്നു.