വയനാട് ജില്ലയിലെ ഇരുളത്ത് മിച്ചഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംഘര്‍ഷം. കുടിയൊഴിപ്പിക്കാന്‍ എത്തിയ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടഞ്ഞു. തുടര്‍ന്ന്, കര്‍ഷകരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
തുടര്‍ന്ന് കര്‍ഷകര്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഈ ചര്‍ച്ചയിലും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല, വയനാട് സബ് കളക്‌ടറെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്തു വന്നാലും കുടിയൊഴിപ്പിക്കുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍, ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുളം വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
ഇരുളം, കോട്ടക്കൊല്ലി, കല്ലൂരി പ്രദേശങ്ങളിലാണു ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തത്. ഇവിടെ, 150 ഏക്കര്‍ പ്രദേശം കൈയേറിയിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ തുടര്‍ന്നാണ് കുടിയൊഴിപ്പില്‍ നടപടിക്കായി റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
എന്നാല്‍, 1970 മുതല്‍ തങ്ങള്‍ ഇവിടെ താമസിച്ചു വരികയാണെന്നും തങ്ങളുടെ സ്ഥലത്തിന് സ്ഥലത്തിനു പട്ടയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.