ഭൂചലനം:നഷ്ടപരിഹാരം നല്‍കും

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2007 (15:11 IST)
ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഭൂചനലത്തെക്കുറിച്ച് കേന്ദ്ര ദുരന്ത നിവാരണ അതോറിട്ടിക്ക് വിവരം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭൂചലനം ഉണ്ടാകുന്ന സഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ മുന്‍ കരുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.

ഭൂ ചലനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത അടിയന്തിര ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്‌,തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നേരിയ ഭൂചലനമനുഭവപ്പെട്ടത്. അഞ്ചുമുതല്‍ ഏഴു സെക്കന്‍റ് വരെ നീണ്ട ചലനം 4.40 ഓടെയാണ്‌ അനുഭവപ്പെട്ടത്‌. തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ഭരതപ്പുഴയുടെ തീരത്തെ വരവൂര്‍, ദേശമംഗലം, അറങ്ങോട്ടുകര എന്നിവിടങ്ങളിലാണ്‌ ഭൂകമ്പം അനുഭവപ്പെട്ടത്‌.

വലിയ ഇടിമുഴക്കത്തോടെ ഉണ്ടായ ചലനത്തില്‍ ചില വീടുകള്‍ക്ക്‌ ചെറിയ വിള്ളലുകളുണ്ടായിട്ടുണ്ട്‌. പരിഭ്രാന്തരായ ജനങ്ങള്‍ ഒരു മണിക്കൂറോളം റോഡിലിറങ്ങി നില്‍ക്കുകയായിരുന്നു. ഇവിടെ രാവിലെ 8.11 നും,8.15 നും രണ്ട്‌ തുടര്‍ചലനങ്ങളുമുണ്ടായി.
തൃശൂര്‍ ജില്ലയിലെ ചലനത്തിന്‍റെ തോത്‌ 2.4 ആണ്‌

മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി, വളാഞ്ചേരി എന്നിവിടങ്ങളിലാണ്‌ ചലനമുണ്ടായത്‌. രണ്ട്‌ മൂന്ന്‌ സെക്കന്‍റുകള്‍ മാത്രമാണ്‌ ഇവിടെ ചലനം നീണ്ടു നിന്നത്‌. പാലക്കാട്‌ ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത്‌ പട്ടാമ്പി, തൃത്താല, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ ചലനമുണ്ടായത്‌. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിനും രാവിലെയുണ്ടായ രണ്ട്‌ തുടര്‍ചലനങ്ങള്‍ക്കും ശേഷം പാലക്കാട്ടും തൃശൂരും നാലാമതും തുടര്‍ചലനമുണ്ടായി. 10 മണിയോടെ തൃശൂരിലെ ദേശമംഗലത്തും പാലക്കാട്‌ ജില്ലയിലെ തൃത്താല, പട്ടാമ്പി എന്നിവിടങ്ങളിലും വീണ്ടും ചലനമുണ്ടായത്‌.