ഭര്‍തൃവീട്ടില്‍ കയറ്റിയില്ല, നവവധു ആത്മഹത്യ ചെയ്തു

Webdunia
ശനി, 26 ഫെബ്രുവരി 2011 (16:03 IST)
PRO
പള്ളിത്തിരുനാളിനായി സ്വന്തം വീട്ടില്‍ പോയ നവവധു തിരികെയെത്തിയപ്പോള്‍ വീട്ടില്‍ കയറ്റാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. മനം നൊന്ത യുവതി സ്വന്തം വീട്ടിലെത്തി ആത്‌മഹത്യ ചെയ്തു. തന്‍റെ മരണത്തിനുത്തരവാദി ഭര്‍ത്താവും ഭര്‍തൃപിതാവുമാണെന്ന് യുവതിയുടെ ആത്‌മഹത്യാക്കുറിപ്പ് ലഭിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. ഭര്‍തൃമാതാവും ഭര്‍ത്താവിന്‍റെ സഹോദരിയും ഇപ്പോഴും ഒളിവിലാണ്.

വൈപ്പിന്‍ ഓച്ചന്തുരുത്ത്‌ സ്കൂള്‍ മുറ്റം കാട്ടുങ്കല്‍ ആന്‍റണിയുടെ മകള്‍ ഷിന്‍സി(20)യാണ്‌ സ്വന്തം വീട്ടില്‍വച്ച്‌ തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷിന്‍‌സിയുടെ ഭര്‍ത്താവ് ജോമോന്‍, ജോമോന്‍റെ പിതാവ് ജോസഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

ഭര്‍തൃവീട്ടുകാരുമായി രൂക്ഷമായ വഴക്കുണ്ടായതിന് ശേഷമാണ് ഷിന്‍‌സി പള്ളിത്തിരുനാളിനായി സ്വന്തം വീട്ടിലേക്ക് പോയത്. പിന്നീട് പിതാവ് ആന്‍റണിയോടൊപ്പം ഷിന്‍സി തിരിച്ചെത്തിയെങ്കിലും ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല. ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയും രാത്രിയില്‍ ഷിന്‍‌സി തൂങ്ങി മരിക്കുകയുമായിരുന്നു.

ഭര്‍ത്താവും ഭര്‍ത്താവിന്‍റെ പിതാവും മാതാവും സഹോദരിയുമാണ് തന്‍റെ മരണത്തിന് കാരണമെന്ന് യുവതി ആത്‌മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു.